Author : ഡോ. ഡേവിഡ് ഫ്രാലി (വാമദേവ ശാസ്ത്രി)
Genre : ഞാനെങ്ങനെ ഹിന്ദുവായി
Pages : 263 Pages
Price : Rs.200/-
ബഹു ദൈവാരാധനയുടെയും സാമൂഹ്യ ഉച്ചനീചത്വങ്ങളുടേയും അനാചാരങ്ങളുടെയും ചപ്പുചവറുകൾ നിറഞ്ഞ മതം എന്ന വിധത്തിലുള്ള ദുഷ്പ്രചരണങ്ങൾ ലോകം മുഴുവൻ സംഘടിതമായി വ്യാപിച്ചിരിക്കെ, ഹിന്ദുധർമ്മത്തെ യഥാതഥമായി അടുത്തറിഞ്ഞ ഒരു ക്രൈസ്തവ മതവിശ്വാസിയുടെ അനുഭൂതികൾ ലോകസമക്ഷം അവതരിപ്പിക്കുന്നതിൽ ഡോ. ഡേവിഡ് ഫ്രാലി എന്ന ആചാര്യ വാമദേവ ശാസ്ത്രി വിജയം കൈവരിച്ചിരിക്കുന്നു. സാരഗർഭമായ 12 പുസ്‌തകങ്ങളുടെ കർത്താവാണദ്ദേഹം. ആരോടും അല്‌പം പോലും വിദ്വേഷമോ പരിഭവമോ കുറ്റപ്പെടുത്തലോ ചെയ്യാതെ, 'ഹിന്ദു'വിന് സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള അടിസ്ഥാനവും അവകാശവും ഉണ്ട് എന്ന് ശ്രീ. വാമദേവ ശാസ്ത്രി ഈ ഗ്രന്ഥത്തിലൂടെ തെളിയിച്ചിരിക്കുന്നു. വിമുഖതയുടെ മൂടുപടം മാറ്റി, ലോക ക്ഷേമാർത്ഥം ഹിന്ദുധർമ്മം സ്വയം അവതരിപ്പിക്കപ്പെടേണ്ടതുണ്ട് എന്ന സന്ദേശം ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം നൽകുന്നു. ഭാരതീയ രായ എല്ലാ മതവിശ്വാസികളും വായിച്ചിരിക്കേണ്ട മികവുറ്റ സൃഷ്‌ടി യാണ് 'ഞാൻ എങ്ങനെ ഹിന്ദുവായി' എന്ന ഈ പുസ്‌തകം. ഈ കാലഘട്ടത്തിൽ പടിഞ്ഞാറുനിന്നും കിഴക്കിലേക്ക് ഒട്ടനവധി പേർ നടത്തിക്കൊണ്ടിരിക്കുന്ന ചിന്താപരവും ആത്മീയവുമായ തീർത്ഥാടനങ്ങളുടെ ഒരു തുടർച്ചയാണ് ഈ ഗ്രന്ഥത്തിൽ അനാവരണം ചെയ്യപ്പെടുന്നത്. പാശ്ചാത്യ ഭൗതികതയിൽ നിന്നാരംഭിച്ച് ഭാരത ത്തിൻ്റെ പ്രാചീന സംസ്‌കാരത്തിൻ്റെ അടിത്തറയായ ആത്മബോധത്തിലേക്ക് ഈ യാത്ര കടന്നുവരുന്നു. ആന്തരികമായ ഒരു യാത്രയാണിത്. ഇന്ത്യയുടെ ആത്മീയഹൃദയത്തിലേക്കുള്ള ഒരു തീർത്ഥാടനം. എങ്കിലും പ്രമുഖരായ നിരവധി വ്യക്തികളും, സുഹൃത്തുക്കളും, ആത്മീയ സത്യത്തെ വികസിപ്പിച്ചുതന്ന ഗുരുക്കന്മാരും ഇതിൽ കടന്നുവരുന്നുമുണ്ട്. ഈ യാത്ര ദേശാന്തരം മാത്രമല്ല, കാലാന്തരം കൂടിയാണ്. മറ്റേതൊരു രാജ്യത്തുള്ളതിനെക്കാളും കൂടുതൽ ഭാരതത്തിൽ സംരക്ഷിക്കപ്പെടുന്ന ആ പ്രാചീന പൈതൃകലോകത്തിലേക്കുള്ള കാലാന്തരയാത്ര. പ്രാചീന വേദസംസ്കൃതിക്ക് എപ്രകാരം ഈ ആധുനിക ലോകത്തിൽ പുനർജ്ജനിക്കാനും ഭാവി തലമുറയ്ക്ക് പ്രചോദനം നൽകുവാനും കഴിയും എന്ന് ഈ ഗ്രന്ഥം കാണിച്ചുതരുന്നു. മനുഷ്യൻ പുറംലോകങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന് എത്രയോമുമ്പ് പ്രപഞ്ചത്തിൻ്റെ സ്രോതസ്സുമായി ബന്ധം സ്ഥാപിച്ചിരുന്ന ഒരു കാലഘട്ടം അവനുണ്ടായിരുന്നു. അതിലേക്കുള്ള ഒരു തിരിച്ചുപോക്കും കൂടിയാണിത്.